ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യ സാംസ്ക്കാരിക ചരിത്രം
ബ്രിട്ടീഷ് ഇന്ത്യയിലെ മദിരാശി സംസ്ഥാനത്തില്‍പ്പെട്ട തെക്കന്‍ കര്‍ണ്ണാടകത്തിലെ കാസര്‍ഗോഡ് താലൂക്കിന്റെ കിഴക്കന്‍ പ്രദേശമാണ് കാറഡുക്ക പഞ്ചായത്ത്. സഹ്യന്റെ മടിത്തട്ടില്‍ പയസ്വിനിയുടെ താരാട്ട് കേട്ട് വിശ്രമം കൊള്ളുന്ന കുന്നുകളും, താഴ്വരകളും നിറഞ്ഞ ഭൂപ്രദേശമാണിത്. കേരളത്തിലെ ഇടനാട് എന്ന വിശേഷണം ഈ പഞ്ചായത്ത് പ്രദേശത്തിന് തികച്ചും യോജിക്കുന്നു. ആദൂര്‍, കാടകം എന്നീ ഗ്രാമങ്ങള്‍ ചേര്‍ന്ന് രൂപംകൊണ്ടതാണ് കാറഡുക്ക പഞ്ചായത്ത്. കാടിന്റെ അടുത്തുള്ള പ്രദേശം കാടകം എന്ന് അറിയപ്പെട്ടുവെന്നും കര്‍ണ്ണാടകത്തിന്റെ സ്വാധീനം കൊണ്ട് അത് കാറഡുക്കയായെന്നും പറയപ്പെടുന്നു. അതുപോലെ അധ, ഊരു അഥവാ താഴ്ന്ന പ്രദേശം വായ്മൊഴിയിലൂടെ ആദൂര് ആയതാണെന്ന് ആദൂരിന്റെ സ്ഥലനാമചരിത്രത്തെക്കുറിച്ച് പറയപ്പെടുന്നു. മായിപ്പൊടി തമ്പുരാക്കന്‍മാരുടെ സ്വാധീനത്തിലുണ്ടായിരുന്ന ഈ രണ്ട് ഗ്രാമങ്ങളുടേയും ഉടമസ്ഥത ബല്ലാക്കന്മാര്‍ക്കായിരുന്നു. പില്‍ക്കാലത്ത് കരിച്ചേരി, നാരന്തട്ട തുടങ്ങിയ നായര്‍ കുടുംബങ്ങള്‍ കാടകം ഗ്രാമത്തില്‍ വന്നുചേര്‍ന്നു. അവര്‍ ഭൂമിയുടെ ഉടമകളായി മാറി. ബ്രിട്ടീഷ് ഭരണകാലത്ത് പോലീസ് സ്റ്റേഷന്‍, ഫോറസ്റ്റ് റേഞ്ച് ഓഫീസ്, ഗാര്‍ഡ് ഓഫീസ്, ബെഞ്ച് കോടതി തുടങ്ങിയ ഭരണ സ്ഥാപനങ്ങള്‍ ആദൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ ആദൂരിന് ഭരണസിരാകേന്ദ്രം എന്ന പദവി ലഭിച്ചു. നാട്ടിലെ ചെറിയ തര്‍ക്കങ്ങള്‍ക്കും കേസുകള്‍ക്കും ബെഞ്ച് കോടതിയില്‍ വച്ച് തന്നെ തീര്‍പ്പ് കല്‍പ്പിച്ചിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ തന്നെ ഈ പഞ്ചായത്ത് പ്രദേശത്തെ ആദ്യത്തെ വിദ്യാലയം ആദൂരില്‍ പ്രവര്‍ത്തിക്കാന്‍ ഭരണസ്ഥാപനങ്ങളുടെ സാന്നിദ്ധ്യം സാഹചര്യമൊരുക്കി. 1930-ല്‍ കെ.കേളപ്പന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ഉപ്പ് സത്യാഗ്രഹത്തില്‍ പങ്കെടുത്ത കെ.എന്‍.കൃഷ്ണന്‍ നമ്പ്യാര്‍, വനസത്യാഗ്രഹത്തില്‍ പങ്കെടുത്ത കൃഷ്ണ മനോലിത്തായ, ഇടയില്ല്യം കുഞ്ഞമ്പു നായര്‍, ഗാന്ധിരാമന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ ചിരസ്മരണീയരാണ്. വനത്തില്‍ നിന്നും തോലും വിറകും ശേഖരിക്കുവാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട് എന്ന് സ്ഥാപിക്കാനായിരുന്നു വനം സത്യാഗ്രഹം. കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റുകളായിരുന്ന കേരളീയന്റെയും, കൃഷ്ണപിള്ളയുടേയും പ്രേരണയോടുകൂടി കെ.എന്‍.കൃഷ്ണന്‍ നമ്പ്യാരുടെ ശ്രമഫലമായി 1940-ല്‍ കാടകം കോരിക്കണ്ടത്തില്‍ ഒരു കര്‍ഷകസമ്മേളനം നടത്തിയതാണ് കര്‍ഷകപ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ സൂചിപ്പിക്കുന്ന ഒരു സംഭവം. പഞ്ചായത്തില്‍ ജാതിവ്യവസ്ഥ സജീവമായി നിലനില്‍ക്കുകയും അയിത്തം ആചരിക്കപ്പെടുകയും ചെയ്തിരുന്നു. ഹരിജനവിഭാഗങ്ങള്‍ എന്നും അകറ്റി നിര്‍ത്തപ്പെട്ടിരുന്നു. ക്ഷേത്രങ്ങളില്‍ പ്രവേശിക്കുവാനോ അമ്പലക്കുളത്തില്‍ കുളിക്കുവാനോ അവരെ അനുവദിച്ചിരുന്നില്ല. ഹോട്ടലുകളില്‍ പോലും ചിരട്ടകളിലാണ് അവര്‍ക്ക് ചായ കൊടുത്തിരുന്നത്. നിയമങ്ങളും സ്വാമി ആനന്ദതീര്‍ത്ഥന്റെ പ്രവര്‍ത്തനങ്ങളും ഈ സമ്പ്രദായത്തിന് മാറ്റങ്ങളുണ്ടാക്കി. വിദ്യാഭ്യാസത്തിനായി എഴുത്തൂട്ട് എന്ന് വിളിച്ചിരുന്ന കുടിപ്പള്ളിക്കൂടങ്ങളാണ് ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നത്. ആദ്യത്തെ വിദ്യാലയം ആദൂരില്‍ തുടങ്ങിയതിന് ശേഷം കാടക ഗ്രാമത്തിലെ വടക്കേക്കരയില്‍ ഒരു സര്‍ക്കാര്‍ സ്കൂള്‍ ആരംഭിച്ചു. കന്നടയായിരുന്നു മാധ്യമം. 1927-ലാണ് കാടകത്ത് ഗവ:എല്‍.പി.സ്കൂള്‍ തുടങ്ങിയത്. മുന്‍കാലങ്ങളില്‍ ആയുര്‍വേദചികിത്സാരീതിയാണ് ജനങ്ങള്‍ സ്വീകരിച്ചിരുന്നത്. പാരമ്പര്യ വൈദ്യന്‍മാരായ കൃഷ്ണന്‍ നായര്‍, കൊച്ചിമുത്തുനായര്‍, രാമകൃഷ്ണോജി റാവു തുടങ്ങിയവരുടെ സേവനം ജനങ്ങള്‍ക്ക് ലഭിച്ചിരുന്നു. വിഷ ചികിത്സയിലും പാരമ്പര്യ വൈദ്യന്‍മാരുടെ സേവനം ലഭ്യമായിരുന്നു. ആദ്യകാലത്ത് കാറഡുക്ക സ്കൂളില്‍ അദ്ധ്യാപകനായിരുന്ന തളാപ്പ് മാഷ് എന്നറിയപ്പെട്ടിരുന്ന കൃഷ്ണമാസ്റ്ററുടെ പേര് വിഷ ചികിത്സയില്‍ പ്രത്യേകം പ്രസ്താവയോഗ്യമാണ്. ദേശീയ നവോത്ഥാനപ്രസ്ഥാനങ്ങളുടേയും സ്വാമി ആനന്ദതീര്‍ത്ഥനെ പോലുള്ളവരുടെ അയിത്തോച്ചാടന പ്രവര്‍ത്തനങ്ങളുടേയും ഫലമായി ഇവിടെ സാമൂഹ്യമാറ്റം പ്രതിഫലിക്കപ്പെട്ടിട്ടുണ്ട്. വിപ്ളവകരമായ ഭൂപരിഷ്കരണ നിയമത്തിലൂടെ സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ സാധിച്ചത് സാംസ്കാരികമായ മാറ്റത്തിനും കാരണമായിട്ടുണ്ട്. ഈ പഞ്ചായത്തില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരുപാട് സാംസ്കാരിക സംഘടനകളുണ്ട്. ഗ്രന്ഥശാലാ സംഘത്തില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ട ശാന്തീ നഗര്‍ ഗ്രാമീണ വായനശാലയും, പഞ്ചായത്ത് ലൈബ്രറിയും, കാടകം ബോധി ലൈബ്രറിയും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥാലയങ്ങളാണ്.